തൊടുപുഴ: അധ്യാപികയായ സിസ്റ്റർ ലിഷ പകർന്നു നൽകിയ പാഠങ്ങൾ ഹൃദിസ്ഥമാക്കി റോബിനും ജിയോയും നേടിയത് വിജയത്തിളക്കം.
ജില്ലാ ശാസ്ത്രോത്സവത്തിൽ ചൂരൽ ഉപയോഗിച്ചുള്ള നിർമാണങ്ങളിലാണ് മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസിന്റെ വിജയഗാഥ.
കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ മത്സരിച്ചത് ചന്ദനത്തിരി, ചോക്ക് നിർമാണം, പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ചുള്ള നിർമാണം എന്നിവയിലായിരുന്നു. ഇത്തവണ ഈ മത്സരങ്ങൾ ഒഴിവായി. ഇതോടെയാണ് പുതിയൊരു ഇനം തെരഞ്ഞെടുത്ത് മത്സരിക്കാൻ സിസ്റ്റർ ലിഷ മുന്നിട്ടിറങ്ങിയത്.
ഇതിനായി ചൂരൽകൊണ്ടുള്ള നിർമാണരീതി വൈറ്റിലയിലെ ഒരു സ്ഥാപനത്തിൽ പോയി ഒരു മണിക്കൂറിനുള്ളിൽ സ്വായത്തമാക്കി.
പിന്നീടാണ് എച്ച്എസിൽ റോബിൻ ബിനോയ്, എച്ച്എസ്എസിൽ ജിയോ ജെയ്സണ് എന്നിവർക്ക് പരിശീലനം നൽകിയത്. കൊട്ട, ബോൾ, ടേബിൾമാറ്റ്, പാത്രം തുടങ്ങിയവയാണ് കുട്ടികൾ നിർമിച്ചത് ചേർത്തല സ്വദേശിയായ സിസ്റ്റർ ലിഷ നാലു വർഷത്തോളമായി പരിശീലനം നൽകി വരുന്നുണ്ട്.